Saturday, September 13, 2008

ഭാഗ്യം

സ്വപ്നങ്ങള്‍ വില്പന നടത്തുന്ന ഒരാള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ജീവിച്ചിരുന്നു.ഓരോ പ്രഭാതത്തിലും അയാള്‍ തന്റെ കയ്യിലുള്ള വലിയ ചാക്കില്‍ സ്വപ്നങ്ങള്‍ കൂത്തി നിറച്ച് പട്ടണത്തിലേക്ക് പുറപ്പെടും.പട്ടണത്തില്‍ എത്തിയാല്‍ തിരക്കേറിയ കവലയില്‍ തന്റെ ചാക്കുക്കെട്ട് തുറന്ന് വെച്ച് അയാള്‍ ഉറക്കെ വിളിച്ച് പറയും.
‘സ്വപ്നങ്ങള്‍.....നിറമുള്ള സ്വപ്നങ്ങള്‍...ആര്‍ക്കും വാങ്ങാം....ഒരു കിലോ സ്വപ്നങ്ങള്‍ക്ക് പത്ത് രൂപ മാത്രം’
എന്നാല്‍ അയാളില്‍ നിന്നും ആരും ഒന്നും വാങ്ങിയില്ല.എങ്കിലും വൈകിട്ട് വീട്ടിലേക്ക് തിരിച്ച് വരുമ്പോള്‍ അയാളുടെ ചാക്കില്‍ ഒന്നും ഉണ്ടായിരുന്നില്ല്.ചന്തയിലെ തിരക്കിനിടയില്‍ അയാളുടെ ചാക്കില്‍ നിന്നും വഴിയാത്രക്കാര്‍ വാരിക്കൊണ്ട് പോയതിനാലായിരുന്നു ആ മനുഷ്യന്റെ ചാക്ക് ശൂന്യമാവാറ് പതിവ്.എങ്കിലും അയാള്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല.കാരണം സ്വപ്നങ്ങള്‍ വില്‍ക്കാന്‍ വെച്ച് അയാളും ഒരു സ്വപ്ന ജീവിയായിമാറിയിരുന്നു.
അങ്ങിനെയിരിക്കെ കാലം കുറെ ക്കഴിഞ്ഞപ്പോള്‍ പ്രായം കാരണം അയാള്‍ക്ക് വയ്യാതെയായി.സ്വപ്നങ്ങള്‍ വില്‍ക്കാന്‍ പോവാന്‍ കഴിയാതെയായി.എങ്കിലും ജീവിക്കാന്‍ മറ്റൊരു തൊഴിലും അയാള്‍ക്കറിയില്ലായിരുന്നു.
ദിവസങ്ങളോളം ചിന്തിച്ചതിന് ശേഷം അയാള്‍ ഒരു വഴി കണ്ടെത്തി.....അയാളൊരു ലോട്ടറി വില്പനക്കാരനായി.പിന്നീട് അയാള്‍ക്ക് ദുഖിക്കേണ്ടീവന്നില്ല.....ഇന്ന് അയാള്‍ ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ പണക്കാരനാണ് .
വാല്‍ക്കഷ്ണം:സ്വപ്നം കാണാനല്ല ഭാഗ്യം തേടാനാണ് നമുക്കെന്നും ഇഷ്ടം..